
എറണാകുളം: പരമ്പരാഗത ചലച്ചിത്ര നിർമ്മാണ രീതികളെ മറികടന്ന് നടീനടന്മാരെ ഉൾപ്പെടുത്തി എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മലയാളത്തിലെ ആദ്യ അന്തോളജി സിനിമ നിർമ്മിച്ച് ദൃശ്യവിസ്മയങ്ങൾ തീർക്കാൻ ഒരുങ്ങുകയാണ് നടനും എഴുത്തുകാരനും സംവിധായകനും ഛായാഗ്രാഹകനുമായ ജോയ് കെ. മാത്യു.
ഇതിന്റെ ഭാഗമായി ചലച്ചിത്രതാരങ്ങളെ ഉള്‍പ്പെടുത്തി വൈകാരിക മുഹൂര്‍ത്തങ്ങളെ എഐ സാങ്കേതിക വിദ്യയിലൂടെ സമന്വയിപ്പിച്ച് സാമൂഹിക സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ‘സാന്ത്വനം’ എന്ന പേരിൽ ഒരു ക്രിസ്തീയ ഭക്തി ഗാനമാണ് ആദ്യം ഒരുക്കുന്നത്.
ചിത്രീകരണത്തിന്റെ ആദ്യ ഘട്ടം എറണാകുളത്ത് ലിന്‍സ് എഐ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. എഐ സാങ്കേതിക ജോലികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 15 ന് ഗാനം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും പരീക്ഷണം വിജയിച്ചാല്‍ ആദ്യ ആന്തോളജി എ.ഐ. ചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ജോയ് കെ. മാത്യു അറിയിച്ചു.
കുടുംബ ബന്ധങ്ങള്‍, സൗഹൃദം, പാപബോധം, പ്രാര്‍ത്ഥന, ജീവിതമാറ്റം എന്നിവയെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ ക്രിസ്തീയ ഭക്തിഗാനം ദൃശ്യ-സാങ്കേതിക തലത്തില്‍ പുതിയ പരീക്ഷണമായി വിലയിരുത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശയം, വൈകാരിക ദൃശ്യാവിഷ്‌കാരം, ദൃശ്യ ഫ്രെയിം രൂപകല്‍പ്പന & സംവിധാനം ജോയ് കെ. മാത്യുവും ഛായാഗ്രഹണം സാലി മൊയ്ദീനും എഐ ദൃശ്യ സൃഷ്ടി, വിഷ്വല്‍ ഡിസൈന്‍, കോംപോസിറ്റിംഗ് & എഡിറ്റിംഗും ലിന്‍സണ്‍ റാഫേലുമാണ് നിര്‍വഹിക്കുന്നത്.
ജോയ് കെ. മാത്യു, ഡോ.രജിത് കുമാര്‍, സലിം ബാവ,ശ്രീതു, പോളി വടക്കന്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാമൂഹിക പ്രസക്തിയുള്ള കഥയും ആത്മീയമായ ഗാനവും ചേര്‍ന്നാണ് വീഡിയോ ആല്‍ബം ഒരുങ്ങുന്നത്.
രണ്ട് സുഹൃത്തുക്കളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തത്തെക്കുറിച്ചും അതിനെ തുടര്‍ന്നുള്ള ആത്മീയ തിരിച്ചുവരവും ആണ് പ്രമേയം. ചെറിയ തര്‍ക്കം ക്രൂരമായ ആക്രമണത്തിലേക്ക് എത്തിക്കുകയും രണ്ട് കുടുംബങ്ങളും വലിയ മാനസിക പ്രതിസന്ധി നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് പ്രാര്‍ത്ഥനയുടെയും കുടുംബ സ്‌നേഹത്തിന്റെയും ശക്തിയിലൂടെ അവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതാണ് കഥയുടെ ആത്മാവ്.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികാരഭരിതമായ ദൃശ്യങ്ങള്‍, ആത്മീയത നിറഞ്ഞ പശ്ചാത്തലങ്ങള്‍, റിയലിസ്റ്റിക് കഥാപാത്ര അവതരണം എന്നിവ സൃഷ്ടിക്കാനാണ് സംഘത്തിന്റെ ലക്ഷ്യം. പരമ്പരാഗത ചിത്രീകരണ രീതികളോടൊപ്പം എഐ വിഷ്വല്‍ ടെക്‌നോളജി സംയോജിപ്പിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ഓഗസ്റ്റ് 15 പുറത്തിറങ്ങുന്ന 'സാന്ത്വനം' ക്രിസ്തീയ ഭക്തിഗാന രംഗത്ത് എഐ സാങ്കേതിക വിദ്യ പരമാവധി ഉപയോഗിക്കുന്ന പുതിയ വഴിത്തിരിവാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഗാനമൊരുക്കുന്നത്.
ജീവന്‍ ടിവി ചീഫ് ന്യൂസ് എഡിറ്ററും തിരക്കഥാകൃത്തും ഗാന രചയിതാവുമായ ബാബു വെളപ്പായ എഴുതിയ ഗാനത്തിന്റെ സംഗീതവും ഓര്‍ക്കസ്‌ട്രേഷനും മിക്‌സും മാസ്റ്ററിംഗും ജോണ്‍സണ്‍ മാമ്പള്ളിയും നിര്‍വഹിച്ചു. തിരുവനന്തപുരം ജോണ്‍സ് മീഡിയയില്‍ റെക്കോര്‍ഡ് ചെയ്ത ഗാനം ലക്ഷ്മി രെങ്കനാണ് ആലപിച്ചത്.
Photo Courtesy - Google










